ശ്രീനഗര്‍: ദക്ഷിണകാഷ്‌മീരിലെ ബാരാമുള്ള ജില്ലയില്‍ പാക് അതിര്‍ത്തിയോടു ചേര്‍ന്ന സൈനികക്യാമ്പിനു നേരെ കൂറ്റന്‍ മഞ്ഞുമലയിടിഞ്ഞു വീണ് വന്‍ ദുരന്തം. ശ്രീനഗറില്‍നിന്നു 70 കിലോമീറ്റര്‍ അകലെയുള്ള പര്‍വതമേഖലയായ ഖിലന്‍മാര്‍ഗില്‍ ഇന്നലെ രാവിലെ 11-ഓടെയാണു സംഭവം. 17 സൈനികര്‍ മരിച്ചതായും 15 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റതായും സൈനിക വക്താവ് കേണല്‍ ജെ.എസ് ബ്രാര്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മേഖലയില്‍ തുടരുന്ന ശക്തമായ മഞ്ഞുവീഴ്‌ച രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണെ്‌ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താവിനിമയബന്ധം പരിമിതമായ അപകടസ്ഥലത്തുനിന്ന് വിവരങ്ങള്‍ ലഭിക്കാനും വൈകുന്നുണ്‌ട്.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കു സ്ഥലത്തെത്താനായത്. സൈനികക്യാമ്പ് അപ്പാടെ മഞ്ഞുമൂടിയിരിക്കുകയാണെന്നും അതിനാല്‍ത്തന്നെ മരണസംഖ്യ ഏറിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. മഞ്ഞുവീഴ്‌ചയെത്തുടര്‍ന്നുള്ള രാജ്യത്തെ ഏറ്റവും വലിയ ദുരന്തമാണ് ഇത്. കരസേനയുടെ ഏറെ പേരുകേട്ട ഹൈ ആള്‍ട്ടിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഓഫീസര്‍ റാങ്കിലുള്ള ലഫ്. പ്രതീകും ഉള്‍പ്പെടുന്നു. പരിക്കേറ്റ് ഗുല്‍മാര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടേയും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.?
സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തിലുള്ള പ്രദേശമാണ് പാക് അതിര്‍ത്തിയിലുള്ള ഖിലന്‍മാര്‍ഗ്. ഐസ് സ്‌കീയിംഗിനു പേരുകേട്ട ലോകപ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ ഗുല്‍മാര്‍ഗിനു തൊട്ടടുത്താണ് അപകടസ്ഥലം. ഗുല്‍മാര്‍ഗിലെ സൈനികക്യാമ്പില്‍നിന്ന് ഇന്നലെ രാവിലെയാണ് യുദ്ധപരിശീലനത്തിനായി സൈനികസംഘം എട്ടു കിലോമീറ്റര്‍ അകലെയുള്ള ഖിലന്‍മാര്‍ഗിലേക്കു കാല്‍നടയായി തിരിച്ചതെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രണ്‌ടു മണിക്കൂറിനുശേഷം ക്യാമ്പിലെത്തി പരിശീലനം നടത്തുമ്പോഴാണ് അപകടം സംഭവിച്ചത്.?
വിനോദസഞ്ചാരികളാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജമ്മുകാഷ്‌മീര്‍ ടൂറിസം മന്ത്രി നാസിര്‍ അസ്ലം വാനി പറഞ്ഞു. അതിരൂക്ഷമായി തുടരുന്ന മഞ്ഞുവീഴ്‌ച രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണെ്‌ടന്നും രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനം ലഭിച്ച നായ്‌ക്കളെ രംഗത്തിറക്കിയതായും ബാരാമുള്ള എസ്‌പി ഷക്കീല്‍ ബെയ്‌ഗ് പറഞ്ഞു. ഗുല്‍മാര്‍ഗിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ രണ്‌ടു ദിവസമായി കനത്ത മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും ആറടിയോളം ഉയരത്തിലാണ് മഞ്ഞു നിറഞ്ഞിരിക്കുന്നത്. അതിനാല്‍ത്തന്നെ മഞ്ഞിടിച്ചിലിനു സാധ്യതയുണെ്‌ടന്നും പര്‍വതമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഞായറാഴ്‌ച വൈകുന്നേരം മുന്നറിയിപ്പു നല്‍കിയിരുന്നു. രണ്‌ടു ദിവസത്തേക്കുകൂടി മുന്നറിയിപ്പുണ്‌ട്.?
കാര്‍ഗില്‍ ജില്ലയിലെ സൊനാമാര്‍ഗ്, ദ്രാസ്, ഗാഗന്‍ഗിര്‍, ബറ്റാലിക്, ദുഡി, ബിംഭട്ട് എന്നിവിടങ്ങളില്‍ മഞ്ഞുമലയിടിയാന്‍ സാധ്യതയുണെ്‌ടന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറണമെന്നും ഇന്നലെ വീണ്‌ടും അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്‌ട്. മഞ്ഞുനിറഞ്ഞതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാംദിവസവും ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. കാഷ്‌മീരിനെ രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകമാര്‍ഗമായ 300 കിലോമീറ്ററോളം വരുന്ന ഈ പാതയില്‍ പലയിടത്തായി 500-ഓളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയുമാണ്. മഞ്ഞുമലയിടിഞ്ഞ് പലയിടത്തും റോഡ് കാണാനില്ലെന്നും ഗതാഗതം നേരെയാകാന്‍ ദിവസങ്ങളെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. റോഡിലെ തടസങ്ങള്‍ നീക്കം ചെയ്യാനായി സൈനികവിഭാഗമായ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ രംഗത്തിറ ങ്ങിയിട്ടുണ്‌ട്.