കൊലപാതകം: എസ്‌പിയെ സസ്‌പെന്‍ഡു ചെയ്‌തു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പിഡബ്ല്യൂഡി എന്‍ജിനീയര്‍ എം.കെ.ഗുപ്‌തയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഓര്‍റായിയ പോലീസ് സൂപ്രണ്‌ട് ഇക്രമുള്‍ ഹഖിനെ സസ്‌പെന്‍ഡു ചെയ്യുകയും ദിയാ പൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്നു ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്‌തു. എന്‍ജിനീയറെ മര്‍ദിച്ചു കൊന്നു എന്നാരോപിക്കപ്പെടുന്ന ബിഎസ്‌പി എംഎല്‍എ ശേഖര്‍ തിവാരിയുടെ ഗണ്‍മാന്‍മാരായ രണ്‌ട് പോലീസുകാരെയും പുറത്താക്കിയിട്ടുണ്‌ട്.
ക്രമസമാധന പാലത്തിനില്‍ വീഴ്‌ചവരുത്തിയതുമൂലമാണ് എസ്‌പിയെ സസ്‌പെന്‍ഡു ചെയ്യുന്നതെന്ന് ഡിജിപി വിക്രം സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഹഖ് പരാജയപ്പെട്ടുവെന്നും ജോലിയില്‍ വീഴ്‌ച വരുത്തിയെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കൊലപാതക ദിവസം ശഖര്‍ തിവാരി, ഗുപ്‌തയുടെ വീട്ടില്‍ പോയിരുന്നതായും ആവശ്യപ്പെട്ട പണം കൊടുക്കാതിരുന്നതില്‍ ദേഷ്യപ്പെട്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്‌ടെത്തിയതായും ഡിജിപി അറിയിച്ചു.
തിവാരിയുമായി ബന്ധമുണ്‌ടായിരുന്ന കരാറുകാരുടെ ബില്ലുകളില്‍ ഗുപ്‌ത ഒപ്പിട്ടിരുന്നുമില്ല. കൊലപാതക ദിവസം ശേഖര്‍തിവാരിയും അനുയായികളും സഞ്ചിരിച്ചിരുന്ന വാഹനം പോലീസ്‌കസ്റ്റഡിയിലെടുത്തിട്ടുണ്‌ട്. എന്‍ജിനീയര്‍മാര്‍, ഡോക്‌ടര്‍മാര്‍ തുടങ്ങിയവരില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഐജി, ഡിഐജി, എസ്‌പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.