പദ്ധതിതുക 12 ശതമാനം ചെലവഴിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം:നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിതുകയുടെ 12 ശതമാനം ചെലവഴിച്ചുവെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ആസൂത്രണ ബോര്‍ഡിന്റെ പദ്ധതി ചെലവ്‌ അവലോകനയോഗം തൈക്കാട്‌ ഗസ്റ്റ്‌ ഹൗസില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2007-08 കാലത്ത്‌ അടങ്കല്‍ തുക 6950 കോടി രൂപയായിരുന്നു. ഇത്‌ 6693 കോടി രൂപയായി പിന്നീട്‌ പുനര്‍നിശ്ചയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍കൂടെ ചേര്‍ത്ത്‌ 7964 കോടി രൂപയായി തുക ഉയര്‍ത്തി. ഇതില്‍ സംസ്ഥാന പദ്ധതിയില്‍ നിന്ന്‌ 5065 കോടി രൂപ ചെലവഴിച്ചു. അടങ്കല്‍ തുകയുടെ 73 ശതമാനമാണിത്‌. 2006-07 ലേതിനേക്കാള്‍ മെച്ചമായ പ്രകടനമാണിത്‌.

നടപ്പുവര്‍ഷം ഇതിനേക്കാള്‍ മെച്ചമാകുമെന്ന്‌ ജൂലൈയിലെ കണക്ക്‌ സൂചിപ്പിക്കുന്നത്‌. 2008-09 ലെ അടങ്കല്‍തുക 7700 കോടി രൂപയാണ്‌. ഇതില്‍ 938 കോടി രൂപ ചെലവഴിച്ചു. ഇത്‌ 12 ശതമാനമാണ്‌. കഴിഞ്ഞവര്‍ഷം ഇതേസമയം ഒമ്പത്‌ ശതമാനമാണ്‌ ചെലവഴിച്ചത്‌-മുഖ്യമന്ത്രി പറഞ്ഞു.