പര്‍വേസ് മുഷാറഫ് രാജിവച്ചു.
ഇസ്‌ലാമാബാദ്:പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് രാജിവച്ചു. ഇംപീച്ച് ചെയ്യാനുള്ള കുറ്റപത്രം ഇന്ന് ദേശീയ അസംബ്ലിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് രാജി, രാഷ്‌ട്രത്തോടായി നടത്തിയ പ്രസംഗത്തിനിടയിലാണ് ഒന്‍പതു വര്‍ഷത്തെ ഭരണം താന്‍ അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
രാജിക്കത്ത് സ്‌പീക്കര്‍ക്ക് കൈമാറി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി)- പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പി.എം. എല്‍-എന്‍) സഖ്യം അധികാരത്തില്‍ വന്നതോടെയാണു മുഷാറഫിന്റെ രാജിക്കു വേണ്‌ടിയുള്ള മുറവിളി ശക്തമായത്. എന്നാല്‍, എതിര്‍പ്പുകളെ വകവയ്‌ക്കാതെ സൈന്യത്തിന്റെ പിന്‍ബലത്തില്‍ മുഷാറഫ് അധികാരത്തില്‍ തുടരുകയായിരുന്നു. മുഷാറഫ് സൗദി അറേ ബ്യയില്‍ അഭയം തേടിയേക്കുമെ ന്നും സൂചനയുണ്‌ട്.
രാജി ആവശ്യം അവഗണിച്ച മുഷാറഫിനെ ഇംപീച്ചു ചെയ്യാന്‍ ഭരണസഖ്യം തീരുമാനിച്ചിരുന്നു. അതിനു മുന്നോടിയായി ഇന്ന് ദേശീയ അസംബ്ലിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പും നടത്തിയിരുന്നു. ഭരണഘടനയുടെ ലംഘനവും സാമ്പത്തിക ക്രമക്കേടുകളുമാണ് മുഷാറഫിനെതിരേ പ്രധാനമായും ആരോപിക്കപ്പെട്ടിരുന്നത്.
തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രാജി പ്രഖ്യാപിച്ചുകൊണ്‌ട് രാഷ്‌ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ മുഷാറഫ് പറഞ്ഞു. എന്നാല്‍, വാദ പ്രതിവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുണ്‌ടനിറമുള്ള സ്യൂട്ടും ടൈയും ധരിച്ച് അക്ഷോഭ്യനായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മുഷാറഫ്, തന്നെ അനുകൂലിക്കുന്നവരോടും ഉപദേശകരോടും ആലോചിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. `രാജ്യത്തെ രക്ഷിക്കാനുള്ള പ്രത്യേക നിയോഗമായിരുന്ന എനിക്കുണ്‌ടായിരുന്നത്. അതിനു ദൈവത്തിന്റെ സഹായവുമുണ്‌ടായി. അതുകൊണ്‌ടു പാക്കിസ്ഥാന്‍ ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെ ട്ടില്ല'-രാഷ്‌ട്രത്തോടായി മുഷാറഫ് പറഞ്ഞു.
രാജ്യത്തേക്കാള്‍ പ്രധാനപ്പെട്ടവരാണു തങ്ങളെന്നു കരുതുന്ന ചിലരാണ് എല്ലാറ്റിലും പിന്നിലെന്നു പേരെടുത്തു പറയാതെ ഭരണ സഖ്യ നേതാക്കള്‍ക്കു നേരേ മുഷാറഫ് വിരല്‍ ചൂണ്‌ടി. മനുഷ്യ സഹജമായ ചില തെറ്റുകള്‍ ചെയ്‌തിട്ടുണെ്‌ടങ്കിലും പാക്കിസ്ഥാനെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ ശ്രമിച്ചുവെന്ന് മുഷാറഫ് അവകാശപ്പെട്ടു. തനിക്കെതിരേ ഉന്നയിക്കപ്പെട്ട ഒരു ആരോപണമെങ്കിലും തെളിയിക്കാന്‍ അദ്ദേഹം ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ഇംപീച്ച്‌മെന്റ് നടപടികള്‍ രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കുമെന്നും മുഷാറഫ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, മുഷാറഫിന്റെ രാജി ഒരു വിഭാഗം ജനങ്ങള്‍ അത്യാഹ്ലാദത്തോടെയാണു ശ്രവിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്‌തു. ചിലര്‍ തെരുവില്‍ ആനന്ദനൃത്തം ചെയ്‌തു. ചിലര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. 1999-ല്‍ നവാസ് ഷെരീഫിനെ പുറത്താക്കിയാണു സൈനിക മേധാവിയായിരുന്ന മുഷാറഫ് അധികാരം പിടിച്ചെടുത്തത്. അതിനുശേഷം മുന്‍പ്രധാനമന്ത്രി അന്തരിച്ച ബേനസീര്‍ ഭൂട്ടോ ഉള്‍പ്പെടെയുള്ളവരെ രാജ്യത്തിനു പുറത്താക്കി. പിന്നീട് നവാസ് ഷെരീഫിനും ബേനസീറിനും പാക്കിസ്ഥാനില്‍ പ്രവേശനം അനുവദിച്ചെങ്കിലും സ്വതന്ത്ര രാഷ്‌ട്രീയ പ്രവര്‍ത്തനം രാജ്യത്ത് അസാധ്യമായിരുന്നു. ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്‌ജിമാരെയും തടവിലാക്കാന്‍ തീരുമാനിച്ചതോടെ മുഷാറഫിനെതിരേ പ്രതിപക്ഷത്തോടൊപ്പം അഭിഭാഷകരും തെരുവിലിറങ്ങി. ഇത് രാജി സമ്മര്‍ദം വര്‍ധിപ്പിച്ചു.
പ്രസിഡന്റ് രാജി വച്ചാല്‍ ഉപരിസഭയായ സെനറ്റിന്റെ അധ്യക്ഷന്‍ ആക്‌ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കണമെന്നാണ് നിയമം. മുഷാറഫിന്റെ ഒഴിവില്‍ ചുമതലയേല്‍ക്കേണ്‌ട മുഹമ്മദ് മിയാന്‍ സുംറോ മുഷാറഫിനെ അനുകൂലിക്കുന്ന പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി നേതാവാണ്. അതു പ്രതിസന്ധി സൃഷ്‌ടിച്ചേക്കാമെന്നു നിയമവിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു.