അരി കയറ്റുമതി നിരോധനം നവംബര്‍ വരെ
ന്യൂഡല്‍ഹി: അരി കയറ്റുമതി നിരോധനം നവംബര്‍ വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം. ഒക്‌ടോബര്‍ ഒന്ന് വരെയുള്ള വിളവെടുപ്പ് കണക്കിലെടുത്തതിന് ശേഷമാകും കയറ്റുമതിക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുക. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബസുമതി ഇതര അരിയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചത്. രാജ്യത്തെ അരിയുട ശേഖരം, വിളവ് ലഭ്യത എന്നിവ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി പരിശോധിച്ചു. വിദേശകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷിമന്ത്രി ശരത്‌പവാര്‍, വാണിജ്യമന്ത്രി കമല്‍നാഥ്, ധനമന്ത്രി പി ചിദംബരം എന്നിവര്‍ പങ്കെടുത്തു. ഓണക്കാലം അടുത്തതിനാല്‍ അരിയുടെ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കമുള്ള മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണക്കാലത്തും നിരോധനം തുടരുമെന്നാണ് മന്ത്രിസഭാ സമിതിയുടെ തീരുമാനത്തിലൂടെ വ്യക്തമാക്കിയിരുന്നത്.