നീന്തല്‍ വേഷം
നീന്തല്‍ മേഖലയില്‍ ഒരു വിപ്ലവമുണ്‌ടായിരിക്കുന്നു. വിപ്ലവമുണ്‌ടാക്കിയത് നീന്തല്‍ താരങ്ങളല്ല. നീന്തല്‍ വേഷമാണ്. എന്നാല്‍ വിപ്ലവകരമായ നീന്തല്‍വേഷം, അത്‌ലറ്റുകളെ രണ്‌ടു തട്ടിലാക്കിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന സാമൂഹികശാസ്‌ത്ര സംജ്ഞയാണ് ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നത്. ബെയ്‌ജിംഗ് ഒളിമ്പിക്‌സ് തുടങ്ങാന്‍ ആഴ്‌ചകള്‍ മാത്രം അവശേഷിക്കെ നീന്തല്‍ വേഷത്തെ ചൊല്ലി വിവാദമുയര്‍ന്നിരിക്കുകയാണ്. സ്‌പീഡോ എല്‍ ഇഡഡ് ആര്‍ റേസര്‍ എന്നാണ് പുതിയ നീന്തല്‍ വേഷത്തിന്റെ പേര്. ഫെബ്രുവരിയില്‍ ഇത് വിപണിയിലെത്തിയ ശേഷം അതുപയോഗിച്ച താരങ്ങള്‍ 38 ലോക റിക്കോര്‍ഡുകള്‍ കുറിച്ചു. നീന്തല്‍ അനായാസകരമാകാന്‍ ഈ വേഷം സഹായിക്കുന്നു എന്ന് താരങ്ങള്‍ പറയുന്നു. ഇതോടെ വിവിധ രാജ്യങ്ങളുടെ നീന്തല്‍ അസോസിയേഷനുകള്‍ സ്‌പീഡോയിലേക്ക് മാറുകയാണ്. നീന്തല്‍ വേഷങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റ് കമ്പനികള്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ്.