ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് .
നര്‍ഗീസ് ചുഴലിക്കാറ്റിനെ ത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മ്യാന്‍മറിലേക്ക് വിദേശ സഹായം അനുവദിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്‌ടി വരുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കി. മഹാവിപത്ത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനങ്ങളുടെ ജീവനാണ് ഭീഷണി. 187 ദശലക്ഷം ഡോളര്‍ സഹായമാണ് ഐക്യരാഷ്‌ട്രസഭ അന്താരാഷ്‌ട്ര സമൂഹത്തോട് മ്യാന്‍മറിനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതിനിടെ മ്യാന്‍മറില്‍ ഇന്ന് ഭരണഘടനാ ഹിതപരിശോധന നടക്കുകയാണ്. ചുഴലിക്കാറ്റ് ഏറ്റവും ദുരന്തം വിതച്ച പ്രദേശങ്ങളില്‍ വോട്ടെടുപ്പ് മേയ് 24നാണ്. 2010-ല്‍ രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹിതപരിശോധനയെന്ന് സൈനിക മേധാവികള്‍ പറഞ്ഞു. എന്നാല്‍, സൈനിക ഭരണം ശക്തിപ്പെടുത്താനുള്ള വഴി മാത്രമാണ് ഹിതപരിശോധനയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.