അമൃതചൈതന്യ തട്ടിപ്പുകേസിലെ പ്രതിയെന്ന് പോലീസ്
കൊച്ചി: സി.ബി.ഐ അന്വേഷിക്കുന്ന സന്തോഷ് മാധവനും ഇന്റര്‍പോള്‍ അന്വേഷിക്കുന്ന സന്തോഷ് മാധവനും രണ്‌ടു പേരാണെന്ന് പോലീസ് നിഗമനം. ആയുധക്കള്ളക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന സന്തോഷ് മാധവന്റെ മറവില്‍ രക്ഷപ്പെടാന്‍ സ്വാമി അമൃത ചൈതന്യയായി പ്രത്യക്ഷപ്പെട്ട ഇന്റര്‍പോള്‍ അന്വേഷിക്കുന്ന സന്തോഷ് മാധവന്‍ ശ്രമിക്കുകയാണെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഐ.ജി വിന്‍സെന്‍ എം.പോള്‍ പറഞ്ഞു. മലയാളി സ്‌ത്രീയെ പറ്റിച്ച് ജ്യോതിഷത്തിന്റെ മറവില്‍ നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്വാമി അമൃതചൈതന്യയെന്ന കട്ടപ്പന സ്വദേശി സന്തോഷ് മാധവ് യു.എ.ഇ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ്. ഇക്കാര്യം കേരള പോലീസും സ്ഥിരീകരിച്ചിട്ടുണ്‌ട്. സ്‌ത്രീയെ വഞ്ചിച്ചു പണം തട്ടിയ കേസിലാണ് ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ അറസ്റ്റു വാറണ്‌ട് പുറപ്പെടുവിച്ചിരിക്കുന്നത്. സന്തോഷ് മാധവനൊപ്പം യു.എ.ഇ പോലീസ് അറസ്റ്റു വാറണ്‌ട് പുറപ്പെടുവിച്ചിരിക്കുന്ന തിരുവനന്തപുരം സ്വദേശി സെയ്‌ഫുദ്ദീന്‍ അലിക്കണ്ണും ചേര്‍ന്നാണ് സ്‌ത്രീയെ വഞ്ചിച്ചു പണവുമായി കേരളത്തിലേക്ക് മുങ്ങിയതെന്നാണ് യു.എ.ഇ പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്. ഇന്റര്‍പോള്‍ സൈറ്റില്‍ സന്തോഷ് മാധവിന്റെ ജനനദിനം 1973 ആണെന്നതും പ്രതി ഇയാള്‍തന്നെയെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മുംബൈ സ്‌ഫോടന കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന 1960 ല്‍ ജനിച്ച സന്തോഷ് മാധവന്‍ താനല്ലെന്നാണ് അമൃത ചൈതന്യ വാദിക്കുന്നത്. ഇതു ശരിയാണെന്ന് പോലീസും ശരിവെയ്‌ക്കുന്നു. കാരണം ഇംഗ്ലീഷും ഉറുദുവും സംസാരിക്കുന്ന മറ്റൊരു സന്തോഷ് മാധവനെ സി.ബി.ഐ ആയുധക്കള്ളക്കടത്ത് കേസില്‍ അന്വേഷിക്കുന്നുണ്‌ട്. ഈ സന്തോഷ് മാധവിന്റെ മറവില്‍ രക്ഷപ്പെടാനാണ് അമൃത ചൈതന്യയുടെ ശ്രമമെന്നാണ് പോലീസിന്റെ ഇപ്പോള്‍ത്തെ നിഗമനം. കൂട്ടുപ്രതിയായ സെയ്‌ഫുദ്ദീന് അലിക്കണ്ണ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതും ഇംഗ്ലീഷും ഉര്‍ദുവും സംസാരിക്കുന്ന സന്തോഷ് മാധവല്ല കൊച്ചിയിലെ അമൃത ചൈതന്യയെന്നാണ്. ഇതില്‍ നിന്നെല്ലാം പോലീസിന്റെ നിഗമനം ആയുധക്കള്ളക്കടത്തുകാരന്റെ മറവില്‍ അമൃത ചൈതന്യയെന്ന സന്തോഷ് മാധവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നാണ്.