ഗവര്‍ണര്‍ക്കെതിരേ ജ്യോതിബസു.
കോല്‍ക്കത്ത: നിരന്തരമായ പവര്‍ക്കട്ടില്‍ പ്രതിഷേധിച്ചു രാജ്‌ഭവനില്‍ സ്വയം പവര്‍ക്കട്ടേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധിയ്‌ക്കെതിരേ മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതിബസു രംഗത്തെത്തി. ഗോപാല്‍കൃഷ്‌ണഗാന്ധിയുടെ പ്രവൃത്തി ഗവര്‍ണര്‍പദവിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെയാണു പെരുമാറുന്നതെന്നും ജ്യോതിബസു ഇന്നലെ ആരോപിച്ചു. വൈദ്യുതിവിതരണം സംബന്ധിച്ചു എന്തെങ്കിലും പ്രശ്‌നമുണ്‌ടായിരുന്നെങ്കില്‍ ഗവര്‍ണര്‍ ആദ്യമിത് സംസ്ഥാന വൈദ്യുതിമന്ത്രി മൃണാള്‍ ബാനര്‍ജിയുമായി ചര്‍ച്ച ചെയ്യുകയായിരുന്നു വേണ്‌ടിയിരുന്നതെന്ന് ജ്യോതിബസു പറഞ്ഞു. ഗവര്‍ണറുടെ പ്രവൃത്തി സര്‍ക്കാരിനെ മോശമായി കാണിക്കുവാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ നന്മയാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം ആഗ്രഹിക്കുന്നതെങ്കില്‍ വൈദ്യുതിമന്ത്രിയെ ഓഫീസിലേക്കു വിളിപ്പിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയാണു വേണ്‌ടിയിരുന്നത്-ബസു കൂട്ടിച്ചേര്‍ത്തു.