നാണ്യപ്പെരുപ്പം നിയന്ത്രണത്തിലായെന്നു ചിദംബരം
ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ക്കിടെ രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് നേരിയ തോതിലെങ്കിലും വീണ്‌ടും കൂടി. നാണ്യപ്പെരുപ്പം 7.57-ല്‍ നിന്ന് 7.61 ശതമാനമായാണ് ഉയര്‍ന്നത്. 42 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നാണ്യപ്പെരുപ്പമാണിത്. രാജ്യാന്തര വിപണയിലെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 124 ഡോളര്‍ വരെ കൂടിയിട്ടുമുണ്‌ട്.എന്നാല്‍, നാണ്യപ്പെരുപ്പ നിരക്കിലെ വര്‍ധന നിയന്ത്രിക്കാനായെന്നാണ് സൂചനയെന്ന് ധനമന്ത്രി പി. ചിദംബരം ഇന്നലെ അവകാശപ്പെട്ടു. വിലക്കയറ്റം തടയാന്‍ ആവശ്യമായ കൂടുതല്‍ ഭരണപരമായ നടപടികള്‍ എടുക്കും. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഫലം കണ്‌ടു തുടങ്ങുന്നതോടെ വിലകള്‍ മയപ്പെടും.സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണുമെന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്‌ടാകണമെന്ന് മന്ത്രി പ്രത്യാശിച്ചു. ആഗോള വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം ഇന്ത്യയിലേക്കാള്‍ കൂടുതലാണെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ചിദംബരം വിശദീകരിച്ചു. എണ്ണവിലയിലെ ക്രമാതീത വര്‍ധനയും പ്രശ്‌നമാണ്.