മ്യാന്‍മറിനുള്ള സഹായം യു.എന്‍ നിര്‍ത്തിവച്ചു.
യാഗോണ്‍: ദുരിതസഹായവുമായി മ്യാന്‍മറിലെത്തിയ രണ്‌ട് വിമാനങ്ങളിലെ ഭക്ഷ്യവസ്‌തുക്കളും ഉപകരണങ്ങളും സൈനിക ഭരണകൂടം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മ്യാ ന്‍മറിനുള്ള സഹായം തല്‍ക്കാലം നിര്‍ത്തിവയ്‌ക്കാന്‍ യു.എന്‍ തീരുമാനിച്ചു. നര്‍ഗീസ് ചുഴലിക്കാറ്റില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്‌ത മ്യാന്‍മറില്‍( ബര്‍മ) വേള്‍ഡ് ഫുഡ് പ്രോഗ്രാം പദ്ധതി പ്രകാരം വിതരണത്തിനു കൊണ്‌ടുവന്ന ഭക്ഷ്യവസ്‌തുക്കളും മറ്റുമാണ് ഇപ്രകാരം പിടിച്ചെടുത്തത്.
എന്നാല്‍ യു.എന്‍ ഉദ്യോഗസ്ഥരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും യഥാര്‍ഥ ദുരിതബാധിതര്‍ക്ക് സഹായം ഉടനടി എത്തിക്കുന്നതിനാണ് തങ്ങള്‍ ശ്രമിച്ചതെന്നും മ്യാന്‍മര്‍ സൈനിക ഭരണകൂടം വ്യക്തമാക്കി. പ്രശ്‌നം പരിഹൃതമാവുന്നതു വരെ സഹായ പരിപാടി നിര്‍ത്തിവയ്‌്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ ചൂണ്‌ടിക്കാട്ടി. ഇന്ന് മൂന്നു വിമാനങ്ങള്‍ അയയ്‌ക്കാനിരുന്നതാണ്. തത്‌കാലം അയയ്‌ക്കേണ്‌ടതില്ലെന്നാണ് തീരുമാനമെന്ന് ഒരുദ്യോഗസ്ഥന്‍ ബി.ബി.സിയോടു പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈനിക ഭരണകൂടം ശ്രദ്ധിക്കുന്നില്ലെന്ന് ആരോപണമുണ്‌ട്. വിദേശ സഹായം സ്വീകരിക്കാം എന്നാല്‍ വിദേശത്തു നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കാനാവില്ല എന്ന നിലപാടാണ് സൈനികഭരണകൂടത്തിനുള്ളത്. ടണ്‍കണക്കിനു ഭക്ഷ്യവസ്‌തുക്കള്‍, കുടിവെള്ളം, ജലശുദ്ധീകരണ ഗുളികകള്‍, മരുന്നുകള്‍, പുതപ്പുകള്‍, കൊതുകുവലകള്‍ എന്നിവ മ്യാന്‍മറിലേക്കയയ്‌ക്കാന്‍ ശേഖരിച്ചിട്ടുണെ്‌ടന്ന് വിവിധ സഹായ ഏജന്‍സികള്‍ അറിയിച്ചു.