ഭക്ഷണം കഴിക്കാതെ മനുഷ്യന് ദിവസങ്ങളോളം ജീവിക്കാം. എന്നാല്‍ വെള്ളം കുടിക്കാതെ നിലനില്‍ക്കാന്‍ കഴിയുന്ന കാലയളവ് അതിലും കുറയും. ശരീരത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ ജലാംശമാണ്. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ജലം അത്യന്താപേക്ഷിത ഘടകം തന്നെ. വെള്ളം വേണ്ടത്ര കുടിക്കാത്തതിനാലും അശുദ്ധജലം കുടിക്കുന്നതിനാലും മനുഷ്യനു പിടിപെടുന്ന രോഗങ്ങള്‍ ഒട്ടേറെ.
ജലം ശരീരത്തില്‍ എന്തു ചെയ്യുന്നു?
ജലത്തിനു ശരീരത്തില്‍ വിവിധ ധര്‍മങ്ങളുണ്ട്. ശരീര താപനില സാധാരണ നിലയില്‍ നിലനിര്‍ത്തുകയാണ് പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്. സന്ധികളെ അയവുള്ളതാക്കുകയും മാര്‍ദവമുള്ളതാക്കുകയും ചെയ്യുന്നത് ജലസാന്നിധ്യമാണ്. സുഷുമ്‌നാ കാണ്ഡത്തെയും (ട്യഹൃമാ *സ്ില) ലോലമായ ശരീരകലകളെയും സംരക്ഷിക്കുന്നത് ജലമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങളെ വിയര്‍പ്പ്, വിസര്‍ജന പ്രക്രിയ തുടങ്ങിയവയിലൂടെ പുറന്തള്ളുന്നതിനും ജലത്തിന്റെ സഹായം ആവശ്യമാണ്.
കുടിക്കേണ്ട വെള്ളമെത്ര?
ഒരു വ്യക്തിക്ക് ദിവസേന ആവശ്യമായ വെള്ളത്തിന്റെ അളവ് ശാരീരികാവസ്ഥ, കായികാധ്വാനം, കാലാവസ്ഥ എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 19നു 30നും ഇടയില്‍ പ്രായമുള്ള ഒരാള്‍ക്ക് ദിവസേന 3.7 ലിറ്റര്‍ ജലം ആവശ്യമുണ്ടെന്നാണ് കണക്ക്. ഇതില്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ഒരു ലിറ്റര്‍ ജലം ലഭിക്കും. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഇവ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയ്ക്കിടയില്‍ അര ലിറ്റര്‍ വരെ ജലം വേറെയും ലഭിക്കും. ഇക്കാരണത്താല്‍ വെറും വെള്ളമായി കുടിക്കേണ്ടത് രണ്ടുലിറ്റര്‍ വരെ മാത്രമാണ്.
ശരീരത്തിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. വിയര്‍ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ഇത് നമുക്ക് പ്രത്യക്ഷത്തില്‍ മനസ്സിലാകും. എന്നാല്‍, ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍പോലും നേരിയ അളവില്‍ ജലം നഷ്ടപ്പെടുന്നുണ്ട്.കൂടുതല്‍ ശാരീരികാധ്വാനം ചെയ്യുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും ധാരാളം വെള്ളം കുടിക്കണം. പനിയുള്ളപ്പോഴും ശരീരത്തില്‍ ജലം കൂടുതല്‍ ആവശ്യമാണ്. ഛര്‍ദിയും വയറ്റിളക്കവുമുള്ള അവസരത്തിലും കൂടുതല്‍ ജലം അകത്തു ചെല്ലേണ്ടത് ആവശ്യമാണ്.
സാധാരണയായി ശരീരത്തില്‍ ജലം ആവശ്യമുണ്ടെന്ന സൂചന ദാഹത്തിലൂടെയാണ് ലഭിക്കുന്നത്. എന്നാല്‍, കായികാധ്വാനത്തിനിടയില്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിയേ്ക്കണ്ടത് ആവശ്യമാണ്.
വെള്ളത്തിനു പകരം പാനീയങ്ങള്‍
ശരീരത്തിനാവശ്യമായ ജലം നല്‍കാന്‍ ചായയേ്ക്കാ കാപ്പിക്കോ പൂര്‍ണമായി കഴിയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇക്കാരണത്താല്‍ നമ്മള്‍ കുടിക്കുന്ന ചായയുടെ പകുതി മാത്രമേ ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഉള്‍പ്പെടുത്താന്‍ പറ്റൂ. കൂടാതെ ചായ നിര്‍ജലീകരണമുണ്ടാക്കുമെന്നും ഉദരത്തില്‍ ഇരുമ്പുസത്ത് ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ തടയുമെന്നും തെളിഞ്ഞിട്ടുണ്ട്.മദ്യം ഒരിക്കലും ശുദ്ധജലത്തിന് പകരമാകുന്നില്ല. അതുകൊണ്ടുതന്നെ 'ദാഹത്തിന് തണുത്ത ബിയര്‍' എന്ന സങ്കല്പം തെറ്റാണ്. മദ്യം ശരീരത്തില്‍ സൃഷ്ടിക്കുന്ന നിര്‍ജലീകരണം തടയാന്‍ അതേ അളവില്‍ ശുദ്ധജലം കഴിക്കേണ്ടതാണ്.
ഊര്‍ജോപയോഗം വര്‍ധിപ്പിക്കും
വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊര്‍ജോപയോഗം വര്‍ധിപ്പിക്കുമെന്ന് ജേര്‍ണല്‍ ഓഫ് ക്ലനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ഓരോ അരലിറ്റര്‍ വെള്ളവും ശരീരത്തിന്റെ ഊര്‍ജോത്പാദന പ്രക്രിയയുടെ ദൈര്‍ഘ്യം അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നു. അധികമുള്ള കലോറി എരിച്ചുകളയാന്‍ ഇത് സഹായിക്കും.