Partly Cloudy

Trivandrum, IN

31°C

Partly Cloudy

Humidity: 66%

Wind: W at 6 mph

പ്രവാസം

ദോഹ: ഖത്തര്‍ പൗരത്വം സ്വീകരിച്ച വിശ്വവിഖ്യാതനായ ഇന്ത്യന്‍ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദാ ഹുസൈന്‍ ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനിഷ്ടപ്പെടുന്നില്ല. അദ്ദേഹം ഇന്ത്യയുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പിന് (ഒ.സി.ഐ) അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍വദ്വ പറഞ്ഞു.

പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കാനും എപ്പോള്‍വേണമെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാനും ഈ വിഭാഗത്തില്‍പ്പെട്ട പാസ്‌പോര്‍ട്ടുള്ളവര്‍ക്കവകാശമുണ്ടാവും. സ്വത്തവകാശം, തുടങ്ങിയ അവകാശങ്ങളും ലഭ്യമാവും. സമ്മതിദാനാവകാശമൊഴികെ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശവും ഒ.സി.ഐ. പാസ്‌പോര്‍ട്ടുള്ളവര്‍ക്കുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. കാലത്ത് പതിനൊന്നു മണിക്ക് എംബസിയിലെത്തിയ ഹുസൈന്‍ തന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്കുന്നത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഒരുമണിക്കാണ് എംബസിയില്‍ നിന്നും പുറത്തുവന്നത്.

ഇന്ത്യക്കാരനായിത്തന്നെ അറിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യക്കാരനെന്ന തന്റെ അവകാശം ഒരിക്കലും ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലുണ്ടാകുന്ന വേളയില്‍ മലയാളിഹോട്ടലുകളില്‍ സാധാരണക്കാരനെപ്പോലെ വന്ന് ഭക്ഷണം കഴിക്കുന്ന ഹുസൈന്‍ വടക്കെ ഇന്ത്യന്‍ ഭക്ഷണത്തോട് താത്പര്യം തോന്നുമ്പോള്‍ പാകിസ്താന്‍ ഹോട്ടലായ ലാഹോറിലുമാണ് ഭക്ഷണം കഴിക്കാറുള്ളത്. മലയാളികളോടാണ് തനിക്കേറ്റവും താത്പര്യമെന്നദ്ദേഹം പറഞ്ഞു.

ഹുസൈന്‍ ഖത്തറിന് വേണ്ടി നിരവധി പെയിന്റിങുകള്‍ ചെയ്തുവരുന്നുണ്ട്. ഖത്തറില്‍ സ്ഥാപിച്ച പ്രശസ്തമായ ഇസ്‌ലാമിക് മ്യൂസിയം ഓഫ് ആര്‍ട്‌സ് ഒരുഭാഗം നിറയെ ഹുസൈന്റെ പെയിന്റിങുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മുംബൈ: ലിബിയയില്‍ തൊഴില്‍ നഷ്ടമായ പതിനാല് മലയാളികള്‍ മുംബൈയില്‍ തിരിച്ചെത്തി. 2007-ല്‍ ലിബിയയയിലെത്തിയ സംഘത്തിന് ഒന്നരവര്‍ഷത്തോളം ജോലിയുണ്ടായിരുന്നെങ്കിലും പിന്നീട് പീഡനത്തിന്റെ കാലമായിരുന്നെന്ന് മുംബൈയില്‍ തിരിച്ചെത്തിയവര്‍ പറഞ്ഞു.

എറണാകുളം ആസ്ഥാനമായ അല്‍സൊറാഫ ഏജന്‍സിയാണ് ലിബിയയിലേക്ക് വിസ നല്‍കിയത്. ഒന്നരവര്‍ഷത്തോളം യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. പിന്നീട് ദുരിതകാലമായിരുന്നെന്നും തങ്ങള്‍ ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് അവര്‍ ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നല്‍കി കയറ്റിവിട്ടതെന്നും സംഘത്തിലുള്ള എറണാകുളം പാലാരിവട്ടം സ്വദേശി രാജു പറഞ്ഞു.

ആശാരിപ്പണി, തേപ്പുപണി, സ്റ്റീല്‍ഫിക്‌സര്‍ എന്നീ തസ്തികകളിലേക്കാണ് ഇവര്‍ക്ക് വിസ നല്‍കിയിരുന്നത്. സി.കെ.ജി. കമ്പനിക്കുവേണ്ടിയായിരുന്നു വിസ. ഒന്നരവര്‍ഷം കൃത്യമായി ജോലി ലഭിച്ചിരുന്നെങ്കിലും പിന്നീട് കമ്പനി പറഞ്ഞ ഒരു സൗകര്യവും തങ്ങള്‍ക്ക് നല്‍കിയില്ല. തിരിച്ചെത്തിയ ഓരോരുത്തര്‍ക്കും കമ്പനി ഒരുലക്ഷം രൂപമുതല്‍ ഒന്നരലക്ഷം രൂപവരെ നല്‍കാനുണ്ടെന്ന് ഇവര്‍ പറഞ്ഞു.

പാലാരിവട്ടം സ്വദേശി രാജു, സാജു കാവാലം, വിനോദ് പത്തനംതിട്ട, രമേശന്‍ കോഴിക്കോട്, ഉണ്ണികൃഷ്ണന്‍ ആലുവ, ആന്റണി പറവൂര്‍, ശശി ചാലക്കുടി, രമേശന്‍ ആചാരി കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ പ്രദീപ്, ഫ്രാന്‍സിസ്, രഘുനാഥന്‍, തോമസ്, സുബ്രന്‍ ചാലക്കുടി, കരുണാകരന്‍ എന്നിവരാണ് തിരിച്ചെത്തിയ സംഘത്തിലുള്ളത്. ഈ സംഘത്തോടൊപ്പം തമിഴ്‌നാട് സ്വദേശികളായ നാലുപേര്‍കൂടിയുണ്ട്.

ഇന്ത്യന്‍എംബസിയെ സമീപിച്ചെങ്കിലും എംബസിയും തങ്ങളെ കൈവെടിയുകയാണുണ്ടായത്. തങ്ങളോട് കമ്പനിഅധികൃതര്‍ നികൃഷ്ടജീവികളെപ്പോലെയാണ് പെരുമാറിയത്. കടുത്ത ദുരിതത്തിന്നൊടുവിലാണ് സംഘം ആത്മഹത്യാഭീഷണി മുഴക്കിയത്. ലിബിയയില്‍നിന്ന് അമ്മാന്‍വഴി മുംബൈയിലെത്തിയ ഇവരെ നോര്‍ക്കപ്രതിനിധികള്‍ വ്യാഴാഴ്ച മുംബൈയില്‍ സ്വീകരിച്ചു. കേരളഹൗസില്‍ താമസിച്ച ഇവര്‍ വെള്ളിയാഴ്ച കേരളത്തിലേക്കു തിരിക്കും.

കുവൈത്ത്: സര്‍ക്കാര്‍ അനുവദിച്ച ശമ്പള വര്‍ധന പ്രാബല്യത്തിലായി. കുവൈത്ത് ആരോഗ്യമന്ത്രാലയം 2009 ഒക്ടോബര്‍ മാസം മുതല്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതനുസരിച്ച് 900 സ്വദേശി നഴ്‌സുമാര്‍ക്കും 14,000 വിദേശി നഴ്‌സുമാര്‍ക്കും ആനുകൂല്യം ലഭിക്കും. 

ആദ്യഗഡുവില്‍ 2010 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം 900 സ്വദേശി നഴ്‌സുമാര്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെയുള്ള വര്‍ധന നല്‍കാന്‍ തീരുമാനിച്ചു. വിദേശികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ വര്‍ധന പ്രാബല്യത്തിലാക്കിയ ഒക്ടോബര്‍ മാസം മുതലുള്ള വേതനം നല്‍കുന്നതാണെന്നും ആരോഗ്യമന്ത്രാലയം ഭരണവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മര്‍സൂഖ് അല്‍ - റഷീദ് വെളിപ്പെടുത്തി.

സ്വദേശികള്‍ക്ക് 155 കുവൈത്ത് ദിനാര്‍ മുതല്‍ 465 ദിനാര്‍ വരെ വര്‍ധന ലഭിക്കും. വിദേശികള്‍ക്ക് 75 ദിനാര്‍ മുതല്‍ 311 ദിനാര്‍ വരെ വര്‍ധനവുണ്ടാകും. ശമ്പള വര്‍ധന യോഗ്യതയുടെയും പരിചയത്തിന്റെയും ചെയ്യുന്ന തൊഴില്‍സ്ഥാനത്തെയും അടിസ്ഥാനമാക്കിയായിരിക്കും. പുതിയതായി സര്‍വീസില്‍ പ്രവേശിച്ച നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളമനുസരിച്ചാണ് ശമ്പളം ലഭിക്കുന്നതെന്ന് മലയാളി നഴ്‌സുമാര്‍ അറിയിച്ചു.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ സര്‍വീസിലുള്ള നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. എന്നാല്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് കൂടുതല്‍ സര്‍വീസും തുല്യയോഗ്യതയുമുള്ള സീനിയര്‍ നഴ്‌സുമാരേക്കാള്‍ കൂടുതല്‍ ശമ്പളമാണ് ലഭിക്കുന്നത്. ഈ അന്തരം നഴ്‌സുമാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധവും പരാതിയും നിലവിലുണ്ട്. പുതിയ ശമ്പളസെ്കയില്‍ നിലവില്‍ വരുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം നഴ്‌സുമാര്‍.

ജിദ്ദ: ജീവിതം ആഘോഷിക്കാനുള്ളതാണ്‌ എന്ന പുതിയകാല സിദ്‌ധാത്തിന്‍െറ ഞെട്ടിപ്പിക്കുന്ന സുവിശേഷങ്ങളാണ്‌ ടി. ഡി രാമകൃഷ്‌ണന്‍ `ഫ്രാന്‍സിസ്‌ ഇട്ടിക്കോര' എന്ന നോവലിലൂടെ മനോഹരവും ശക്‌തവുമായ ഭാഷയില്‍ അവതരിപ്പിക്കുന്നതെന്നും മലയാളസാഹിത്യത്തിന്‌ തീര്‍ത്തും അപരിചിതമായ ഒരു ലോകവും സംസ്‌കാരവും സംഭവങ്ങളും കൊണ്‌ട്‌ സമ്പന്നമായ ഈ കൃതി മലയാള നോവല്‍ സാഹിത്യത്തിന്‍െറ ഏററവും പുതിയ മുഖമാണ്‌ ആസ്വാദകര്‍ക്ക്‌ സമ്മാനിക്കുന്നതെന്നും പ്രശസ്‌ത നോവലിസ്‌ററും കഥാകൃത്തുമായ അബു ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു.

ചരിത്രവും വര്‍ത്തമാനവും മിത്തും ഇടകലര്‍ത്തി ആധുനിക ടെക്‌നോളജിയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച്‌ കഥ പറയുന്ന ഈ കൃതി തീര്‍ച്ചയായും മലയാള നോവല്‍സാഹിത്യ വളര്‍ച്ചയിലെ ഒരു വഴിത്തിരിവായി മാറും. ഒ. വി. വിജയനില്‍നിന്ന്‌ ടി. ഡി. രാമകൃഷ്‌ണനിലേക്ക്‌ നോവല്‍സാഹിത്യം വളര്‍ന്നിരിക്കുന്നു. ഇത്‌ നല്ല വായനക്കാരെ ഏറെ ആനന്ദിപ്പിക്കുന്നുണ്‌ട്‌, അബു വ്യക്‌തമാക്കി. ആസ്വാദകസംഘം സംഘടിപ്പിച്ച `എന്‍െറ വായന' എന്ന പ്രതിമാസപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബു ഇരിങ്ങാട്ടിരി.


തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഗോപിനാഥന്‍ നെടുങ്ങാടി, ഹംസ മദാരി, ഉസ്‌മാന്‍ ഇരുമ്പുഴി, മുസ്‌തഫ കീത്തടത്ത്‌, അഷ്‌റഫ്‌ നീലാമ്പ്ര എന്നിവര്‍ യഥാക്രമം ദി ഡ്രാഗണ്‍ ഫൈററര്‍ (റാബിയഖദീര്‍), ബിററിവീന്‍ ദി ടു അസ്സാസ്സിനേഷന്‍സ്‌ (അരവിന്ദ്‌ അഡിഗെ) രേഖകള്‍ (നമ്പൂതിരി), അന്തര്‍ജനത്തിന്‌ സ്‌നേഹപൂര്‍വ്വം: ബഷീര്‍ (തനൂജ എസ.്‌ ഭട്ടതിരി), സംഭാഷണങ്ങള്‍ (അടൂര്‍ ഗോപാലകൃഷ്‌ണര്‍) എന്നീ പുസ്‌തകങ്ങളെക്കുറിച്ച്‌ ആസ്വാദനം നടത്തി. ആസ്വാദക സംഘം ചെയര്‍മാന്‍ ഗോപിനാഥന്‍ നെടുങ്ങാടി അധ്യക്ഷതവഹിച്ച യോഗത്തില്‍ കെ. വി. സുബൈര്‍ വലമ്പൂര്‍ സ്വാഗതവും അനില്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

ദുബായ്‌: കുവൈത്തിലെ പൊതുമേഖലയില്‍ വിദേശികളെ തൊഴിലിനെടുക്കുന്നതു നിര്‍ത്തുന്നു. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായുള്ള ഈ തീരുമാനം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചടിയാകും. നിരവധി മലയാളികള്‍ കുവൈത്തിലെ പൊതുമേഖലയില്‍ ജോലിചെയ്യുന്നുണ്ട്‌. 

തൊഴിലില്ലായ്‌മ കുവൈത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ പശ്‌ചാത്തലത്തിലാണു വിദേശികള്‍ക്കു നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനമെന്നു അല്‍ ജറീദ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. കുവൈത്തിനു പുറമേ മറ്റു ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗ രാജ്യങ്ങളും പൊതുമേഖലയില്‍നിന്നു വിദേശികളെ പുറത്താക്കാനുള്ള നീക്കത്തിലാണ്‌. യു.എ.ഇ, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവയാണു ജി.സി.സിയിലുള്ള രാജ്യങ്ങള്‍. 

വിദേശത്തുനിന്നുള്ളവര്‍ തൊഴിലുകള്‍ കൈവശപ്പെടുത്തുന്നതിനാല്‍ വര്‍ധിക്കുന്ന തൊഴിലില്ലായ്‌മയുയര്‍ത്തുന്ന സാമൂഹികപ്രശ്‌നങ്ങള്‍ മൂലമാണു ഗള്‍ഫ്‌ രാജ്യങ്ങള്‍ സ്വദേശിവല്‍കരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്‌. 

രാജ്യത്തെ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന 60,000 വിദേശികള്‍ക്കു പകരം തദ്ദേശീയരെ നിയമിക്കാനും അതിനായുള്ള നിയമനിര്‍മാണം നടത്താനും കുവൈത്ത്‌് പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ കമ്മിറ്റി കഴിഞ്ഞമാസം ശിപാര്‍ശ ചെയ്‌തിരുന്നു.

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ