Partly Cloudy

Trivandrum, IN

31°C

Partly Cloudy

Humidity: 66%

Wind: W at 6 mph

കായികം

ദേശീയ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കെതിരേ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അച്ചടക്ക നടപടി. മുഹമ്മദ് യുസഫിനും യുനുസ് ഖാനും പിസിബി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഷൊയിബ് മാലിക്, റാണ നവേദ് ഉല്‍ ഹസന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തേക്കു വിലക്ക്. ഓസീസ് പര്യടനത്തിനിടയില്‍ പന്തു ചുരണ്ടിയതിനു ഷഹീദ് അഫ്രീദിക്ക് താക്കീതും പിഴയും. വേദികളിലെ അച്ചടക്കരാഹിത്യത്തിനു കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ എന്നിവര്‍ക്ക് അന്ത്യ ശാസനവും പിഴയുമുണ്ട്. വന്‍തുകയാണു പിഴയൊടുക്കേണ്ടി വരുക. ആറംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പിസിബിക്കു നല്‍കിയിരുന്നു. ഇതിലെ ശുപാര്‍ശയനുസരിച്ചാണു നടപടി.

ഫസ്റ്റ് ലെഗിലെ ഏകപക്ഷീയമായ ഒരു ഗോള്‍ തോല്‍വിക്ക് ഒളിംപിക് ലിയോണിന് യോജിച്ച തിരിച്ചടി നല്‍കാന്‍ ലക്ഷ്യമിട്ട് ഹോം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. ചാംപ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടിലെ രണ്ടാം പാദ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും മതിയാകില്ല. എന്നാല്‍ ആദ്യ പാദത്തിലെ ജയത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ന് സമനില സ്വന്തമാക്കിയാലും ലിയോണിനു മുന്നേറാം. ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലന്‍ എവേ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെതിരേ ഇറങ്ങും.
കഴിഞ്ഞ അഞ്ച് ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളിലും സെമിഫൈനലിലെത്താനാകാതെ പുറത്താകുകയായിരുന്നു റയല്‍. ആ മോശം റെക്കോഡ് തിരുത്തിക്കുറിക്കാനാണ് ലോക ഇലവനെ അണിനിരത്തി റയല്‍ ശ്രമിക്കുക. കഴിഞ്ഞ അഞ്ചു തവണയും നോക്കൗട്ട് റൗണ്ടില്‍ യുവന്‍റസ്, ആഴ്സനല്‍, ബയേണ്‍ മ്യൂണിച്ച്, എഎസ് റോമ, ലിവര്‍പൂള്‍ ടീമുകളോട് തോല്‍വി വഴങ്ങിയാണ് റയല്‍ പുറത്തായത്.
ചാംപ്യന്‍സ് ലീഗ് ഫൈനലിന് ഇത്തവണ ആതിഥ്യമരുളുന്നത് റയല്‍ ഹോം ഗ്രൗണ്ടായ സാന്‍റിയാഗൊ ബെര്‍ണേബുവാണ്. ഇക്കാര്യം ടീമിനെ ഏറെ പ്രചോദിപ്പിക്കുന്നുവെന്ന് റയല്‍ താരം ജോസ് മരിയോ ഗൂട്ടി. യൂറോപ്പിലെ മികച്ച ക്ലബുകളിലൊന്നാണെങ്കിലും റയലിന്‍റെ പ്രഭാവത്തിനൊപ്പമെത്താത്ത ക്ലബായ ലിയോണിനെതിരേ തോറ്റ് പുറത്താകേണ്ടി വന്നാല്‍ ഏറെ നാണക്കേടെന്നും ഗൂട്ടി.
സ്പാനിഷ് ലീഗില്‍ സെവില്ലയ്ക്കെതിരേ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് വിജയം നേടിയതിന്‍റെ ആവേശത്തിലാണ് റയല്‍. മത്സരത്തിന്‍റെ ആദ്യ നിമിഷം മുതല്‍ അവസാന നിമിഷം വരെ വിജയത്തിനായി പൊരുതാന്‍ ടീം തയാറാണെന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.
റൊണാള്‍ഡോ - കാക സഖ്യത്തിനൊപ്പം അര്‍ജന്‍റൈന്‍ സ്ട്രൈക്കര്‍ ഗൊണ്‍സാലൊ ഹിഗ്വെയ്നും മുന്നേറ്റ നിരയില്‍ അണിചേരും. ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ, സസ്പെന്‍ഷനിലായ സാബി അലൊന്‍സൊ, മിഡ്ഫീല്‍ഡര്‍ മാഴ്സെലൊ എന്നിവര്‍ ഇന്നു കളിക്കില്ല. ഗുട്ടിയും റാഫേല്‍ വാന്‍ഡെര്‍ വാര്‍ട്ട് എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തും.
ഹോം റെക്കോഡ്:
ചാംപ്യന്‍സ് ലീഗ് ഹോം മത്സരങ്ങളില്‍ 17ലും മാഡ്രിഡ് വിജയിച്ചപ്പോള്‍ ഗ്രൂപ്പ് സ്റ്റേജില്‍ എസി മിലനെതിരേ 3-2 ന് തോല്‍വി വഴങ്ങി.
ഫ്രഞ്ച് ലീഗില്‍ അവസാനക്കാരയ ബൗളൊഗ്നെയ്ക്കെതിരേ ഗോള്‍ രഹിത സമനില വഴങ്ങിയാണ് ലിയോണ്‍ റയല്‍ തട്ടകത്തിലെത്തുന്നത്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ മൈക്കിള്‍ ബസ്റ്റോസ് ഇല്ലാതെയാകും ലിയോണ്‍ ഇറങ്ങുക.
എവേ റെക്കോഡ്:
ചാംപ്യന്‍സ് ലീഗില്‍ ഈ സീസണില്‍ നാല് എവേ മത്സരങ്ങളില്‍ മൂന്നിലും ലിയോണ്‍ വിജയിച്ചു.

വിജയകരമായ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് സീസണിന് ഇന്ത്യ തയാറായെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി. തയാറെടുപ്പുകള്‍ 100% കരുത്തോടെ പുരോഗമിക്കുന്നു. ഉദ്ഘാടന- സമാപനച്ചടങ്ങുകള്‍ അവിസ്മരണീയമാക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയെന്നു മോഡി.
സംപ്രേഷണാവകാശത്തെച്ചൊല്ലി ദേശീയ വാര്‍ത്താ ചാനലുകളുമായുള്ള പ്രശ്നം രണ്ടു ദിവസത്തിനു മുന്‍പ് പരിഹരിച്ചിരുന്നുവെന്നും, എന്നാല്‍ പുതിയ നിബന്ധനകളുമായി ചിലര്‍ രംഗത്തെത്തിയത് അംഗീകരിക്കാനാവില്ലെന്നും മോഡി വ്യക്തമാക്കി.
സോണി ചാനലിലും യൂ ട്യൂബിലും പ്രേക്ഷകര്‍ക്ക് മത്സരങ്ങള്‍ തത്സമയം ആസ്വദിക്കാം എന്നതിനാല്‍ ചാനലുകളുടെ ബഹിഷ്കരണം ലീഗിനെ ബാധിക്കില്ലെന്നും മോഡി.
അടുത്ത വര്‍ഷം ലീഗില്‍ രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്തിയാലും ലീഗ് ഒരിക്കലും ഏഴ് ആഴ്ചയില്‍ കൂടുതല്‍ നീളില്ല. ഏറെ ദീര്‍ഘിക്കുന്നത് അന്താരാഷ്ട്ര മത്സരങ്ങളെ ബാധിക്കും. ഇന്ത്യയില്‍ അവധിക്കാലമായതിനാലാണ് ഏപ്രില്‍-മേയ് മാസങ്ങളില്‍ ടൂര്‍ണമെന്‍റ് നടത്തുന്നത്. ഈ തീരുമാന ത്തിലും ഒരിക്കലും മാറ്റമുണ്ടാകില്ലെ ന്നും മോഡി വ്യക്തമാക്കി.
2011 ല്‍ 94 മത്സരങ്ങള്‍ 51 ദിവസങ്ങളിലായി നടക്കും. ഈ വര്‍ഷം ആറാഴ്ചയാണ് ലീഗ്. ഇന്ത്യയില്‍ ഒഴികെ ശേഷിച്ച രാജ്യങ്ങളിലെല്ലാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ ജനപ്രീതി നഷ്ടപ്പെട്ടുകയാണ്. അതിനാല്‍ ഇതിനൊരു മാറ്റം വരുത്താന്‍ ഐസിസി ഉടന്‍ എന്തെങ്കിലും ചെയ്യണമെന്നും മോഡി ആവശ്യപ്പെട്ടു.

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് ഇറ്റാലിയന്‍ ക്ലബ് എസി മിലനെതിരേ ഹോം ഗ്രൗണ്ടില്‍ ഇറങ്ങും. ആദ്യ പാദത്തില്‍ ഇറ്റാലിയന്‍ മണ്ണില്‍ 3-2 ന്‍റെ വിജയം നേടി യ ആവേശത്തിലാണ് മാഞ്ചെസ്റ്റര്‍. ഓള്‍ഡ് ട്രാഫഡില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇറങ്ങുന്ന ഡേവിഡ് ബെക്കാമാകും സ്പോട്ട് ലൈറ്റില്‍.
ഇന്ന് 1-0 ത്തിനു പരാജയപ്പെട്ടാലും എവേ ഗോള്‍ ആനുകൂല്യത്തില്‍ യുനൈറ്റഡിന് മുന്നേറാം. മുന്നേറ്റ താരം വെയ്ന്‍ റൂണി പരുക്കിന്‍റെ പിടിയിലായതിനാല്‍ ഇന്നിറങ്ങുമോയെന്ന കാര്യത്തില്‍ സംശയം.

ഐ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ഡെംപോ ഗോവയെ അട്ടിമറിച്ചതിന്‍റെ തലയെടുപ്പോടെ നില്‍ക്കുന്ന വിവ കേരളയെ നേരിടാന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് തയാറെടുക്കുന്നു. നാളെ നടക്കുന്ന മത്സരത്തിനായി തിങ്കളാഴ്ച ചര്‍ച്ചില്‍ എത്തിയിരുന്നു. കോച്ച് കാര്‍ലോസ് റോബര്‍ട്ടോ പെരേരയുടെ നേതൃത്വത്തിലാണു ടീം എത്തിയത്.
വിവ കേരള-ഡെംപോ ഗോവ മത്സരം കാണാനും ചര്‍ച്ചില്‍ താരങ്ങള്‍ എത്തിയിരുന്നു. ഐ ലീഗില്‍ മൂന്നാം സ്ഥാനത്താണു ചര്‍ച്ചില്‍. ചിരാഗ് യുനൈറ്റഡിന്‍റെ മാര്‍ട്ടിന്‍സ്, മഹീന്ദ്രയുടെ അലി എന്നിവര്‍ക്കൊപ്പം ഐ ലീഗില്‍ 12 ഗോള്‍ നേടി ടോപ് സ്കോറര്‍ പദവിക്കായി മത്സരിക്കുന്ന വിദേശ താരം ഒഡാഫെ ഒക്കേലിയാണു ചര്‍ച്ചിലിന്‍റെ കുന്തമുന.
അര്‍ധാവസരം പോലും ഗോളാക്കാന്‍ ശേഷിയുള്ള ഒക്കേലിയെ വിവയുടെ ബെല്ലോ റസാക്കും ചാള്‍സും നൗഷാദും ഉള്‍പ്പെട്ട പ്രതിരോധം എങ്ങനെ തളയ്ക്കുമെന്നാണു വിവ ആരാധകര്‍ ഉറ്റു നോക്കുന്നത്.
കോല്‍ക്കത്തയില്‍ ചിരാഗ് യുനൈറ്റഡിനെ 4-2നു പരാജയപ്പെടുത്തിയാണു ചര്‍ച്ചിലിന്‍റെ വരവ്. ഐലീഗില്‍ 29 പോയിന്‍റോടെ ഒന്നാം സ്ഥാനത്തുള്ള ഡെംപോയെ തകര്‍ക്കാന്‍ വിവയെക്കൂടാതെ ചര്‍ച്ചിലിനു മാത്രമാണു കഴിഞ്ഞത്.

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ