ജപ്പാനിലും യുഎസിലും യൂറോപ്പിലും തിരിച്ചുവിളിക്കുന്ന ടൊയോട്ടയുടെ പുതിയ ഹൈബ്രിഡ് കാര്‍ പ്രയസ് ഇന്ത്യയില്‍ ഇറങ്ങും. പുതിയ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ മാറ്റമില്ലെന്നു ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ്.
ജനുവരിയില്‍ ബുക്കിങ് തുടങ്ങി. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ വാഹനങ്ങള്‍ നല്‍കിത്തുടങ്ങും. ഇതുവരെ 54 യുനിറ്റിന് ഇന്ത്യയില്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി വക്താക്കള്‍.
ഇപ്പോള്‍ ഷോ റൂമിലുള്ള പുതിയ പ്രയസുകള്‍ സാങ്കേതികമായി കൂടുതല്‍ മികവുള്ളതെന്നും അവകാശവാദം. എന്നാല്‍, റീ കോള്‍ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പുതിയ മോഡലിന് ഇന്ത്യയില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടാവുമെന്നു കണ്ടറിയണം.
ഈ വര്‍ഷം 200 യൂനിറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണു പദ്ധതി. ജനുവരിയിലെ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പ്രയസിന് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില 26.55 ലക്ഷം മുതല്‍ 27.86 ലക്ഷം വരെ രൂപ.
ആക്സിലറേറ്റര്‍ പ്രശ്നം മൂലം ഒരു കോടിയോളം വാഹനങ്ങള്‍ ആഗോള വ്യാപകമായി തിരിച്ചുവിളിക്കുന്നതിനൊപ്പമാണു പ്രയസും ടൊയോട്ട തിരിച്ചുവിളിക്കുന്നത്. കാറിന്‍റെ ബ്രേക്കിങ് സിസ്റ്റത്തില്‍ തകരാറെന്നാണു പരാതി.