ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്‌സെക്കെതിരെ മത്സരിച്ചുതോറ്റ മുന്‍സേനാമേധാവി ശരത് ഫൊന്‍സെകയെ തിങ്കളാഴ്ചരാത്രി പോലീസ് അറസ്റ്റുചെയ്തു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. അദ്ദേഹത്തെ പട്ടാളവിചാരണ നടത്തുമെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഓഫീസിലെത്തിയ മിലിട്ടറി പോലീസ് ഒരു മാന്യതയും കാട്ടാതെ അദ്ദേഹത്തെ എല്ലാവരുടെയും കണ്‍മുന്നില്‍ വെച്ച് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നെന്ന് സഖ്യകക്ഷിയായ മുസ്‌ലിം കോണ്‍ഗ്രസ് നേതാവ് റൗഫ് ഹക്കിം പറഞ്ഞു. അറസ്റ്റ് നാടകീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫൊന്‍സെയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മാധ്യമവിഭാഗം സെക്രട്ടറിയായ സെനക ഡിസില്‍വയും അറസ്റ്റിലായിട്ടുണ്ട്. രാജപക്‌സെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് ഫൊന്‍സെകയെ പട്ടാളവിചാരണ നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
ജനവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപാക്‌സെക്കെതിരെ നാലുലക്ഷം വോട്ടുകള്‍ക്കാണ് ഫൊന്‍സെക തോറ്റത്. എല്‍.ടി.ടി.ഇക്കെതിരായ ലങ്കന്‍ സര്‍ക്കാറിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാളിയായിരുന്ന ഫൊന്‍സെക, രാജപക്‌സെയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് സേനാമേധാവിസ്ഥാനം രാജിവെച്ചത്.