സിംല: ജസ്റ്റീസ് കുര്യന്‍ ജോസഫ് ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഊര്‍മിളാ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.?
ചടങ്ങില്‍ മുഖ്യമന്ത്രി പ്രഫ. പി.കെ ധൂമല്‍, പ്രതിപക്ഷനേതാവ് വിദ്യാ സ്റ്റോക്‌സ്, മന്ത്രിമാര്‍, കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ജസ്റ്റീസ് വി.കെ ബാലി, ലോകായുക്ത ജസ്റ്റീസ് ഭവാനി സിംഗ്, കേരള ഹൈക്കോടതിയിലെ സഹപ്രവര്‍ത്തകരായിരുന്ന ജസ്റ്റീസ് പി.ആര്‍ രാമചന്ദ്ര മേനോന്‍, പയസ് കുര്യാക്കോസ്, തോമസ് പി.ജോസഫ്, സി.ടി രവികുമാര്‍, സി.കെ അബ്‌ദുള്‍ റഹിം, ഹിമാചല്‍ ഹൈക്കോടതി ജഡ്‌ജിമാരായ ആര്‍.ബി മിശ്ര, ദീപക് ഗുപ്‌ത, സുര്‍ജിത് സിംഗ്, വി.കെ അഹൂജ, സഞ്‌ജയ് കരോള്‍, രാജീവ് ശര്‍മ, വി.കെ ശര്‍മ എന്നിവരും സംബന്ധിച്ചു.
കൂടാതെ കുര്യന്‍ ജോസഫിന്റെ ഭാര്യ റൂബി കുര്യന്‍, മക്കളായ റിനു വിമല്‍, രഞ്‌ജിത് കുര്യന്‍, റിജു കുര്യന്‍, മരുമകന്‍ ഡോ. വിമല്‍ വിന്‍സന്റ്, സഹോദരന്‍ ജോസ് ജോസഫ്, ഭാര്യാ സഹോദരന്‍ കെ.വി റോയി എന്നിവരും ഫാ.ഷിബു തുണ്‌ടത്തില്‍ (ബിജ്‌നോര്‍), ജോര്‍ജ് തോമസ് (ഡല്‍ഹി), ബിജു തോമസ് (ക്രിസ്റ്റീന്‍, കോട്ടയം) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്‌ക്കുശേഷം കുര്യന്‍ ജോസഫ് ഹൈക്കോടതിയില്‍ തന്റെ ചേംബറിലും ഓഫീസിലുമെത്തി ചുമതലയേറ്റു. ബാര്‍ അസോസിയേഷന്‍ നല്‌കിയ സ്വീകരണത്തിലും സംബന്ധിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈക്കോടതികളില്‍ ഒന്നില്‍ നിന്നാണ് തന്റെ വരവെന്നും ഈ ഹൈക്കോടതിയെയും ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈക്കോടതികളിലൊന്നാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സത്യപ്രതിജ്ഞയ്‌ക്കു ശേഷം ചീഫ് ജസ്റ്റീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ രാവിലെ സിംല സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ കുടുംബസമേതം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷമാണ് കുര്യന്‍ ജോസഫ് സത്യപ്രതിജ്ഞയ്‌ക്കു പോയത്. ഫാ. ഷിബു തുണ്‌ടത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫാ.സേവ്യര്‍ സഹകാര്‍മികനായിരുന്നു.