കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പുകഴ്ത്തി ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ വീണ്ടും രംഗത്ത്. പാര്‍ലമെന്‍റ് മന്ദിരം സന്ദര്‍ശിക്കാന്‍ എത്തിയ സ്മിത മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു.
തനിക്ക് ഏറെ ബഹുമാനമുള്ള നേതാവാണു സോണിയ. കോണ്‍ഗ്രസിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസില്‍ ചേരുകതന്നെ ചെയ്യും. തന്‍റെ ഇപ്പോഴത്തെ ഡല്‍ഹി സന്ദര്‍ശനത്തിനു രാഷ്ട്രീയ ലക്ഷ്യമില്ലെന്നും പാര്‍ലമെന്‍റ് കാണുക മാത്രമാണ് ഉദ്ദേശ്യമെന്നും സ്മിത പറഞ്ഞു.
വനിതാസംവരണ ബില്‍ ചരിത്രത്തിന്‍റെ ഭാഗമാണ്. സ്ത്രീ ശാക്തീകരണത്തിനു ബില്‍ വഴിവയ്ക്കും. ബില്‍ സാധ്യമാക്കിയതില്‍ സോണിയയോടു സ്മിത നന്ദി രേഖപ്പെടുത്തി.
ശിവസേന ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും സാമൂഹിക സംഘടനകളിലാണു പ്രവര്‍ത്തിക്കുന്നതെന്നും സ്മിത വ്യക്തമാക്കി. കുടുംബവും രാഷ്ട്രീയവും രണ്ടാണ്. ഭര്‍ത്തൃ പിതാവിനോടു ബഹുമാനമുണ്ടെന്നും സ്മിത പറഞ്ഞു.
എതാനും മാസങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി സ്മിത അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പുകഴ്ത്തുകയും ചെയ്തിരുന്നു. ബാല്‍ താക്കറെയുടെ മകന്‍ ജയ്ദേവിന്‍റെ ഭാര്യയായിരുന്നു സ്മിത. 2004ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനുശേഷവും ബാല്‍ താക്കറെയോടൊപ്പമാണു താമസം. സിനിമ നിര്‍മാതാവാണ്.