തിരുവനന്തപുരം: മൂന്നാറില്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവാദങ്ങള്‍ സൃഷ്ടിച്ച് കയ്യേറ്റത്തിന്റെ രൂക്ഷത ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടാറ്റയ്‌ക്കെതിരെയുള്ള നടപടികളില്‍ സര്‍ക്കാരിന് ജാഗ്രതയില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മൂന്നാര്‍ കൈയ്യേറ്റങ്ങളുടെ രൂക്ഷതയും വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ നാണക്കേടും മറയ്ക്കാനാണ് വയനാട്ടില്‍ വിവിധയിടങ്ങളില്‍ സി.പി.എം നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നത്. വയനാട്ടില്‍ നിയമ വിരുദ്ധമായി ആരെങ്കിലും ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ യു.ഡി.എഫിന് എതിര്‍പ്പില്ല. എന്നാല്‍ നടപടികള്‍ സുതാര്യമാവണം. എല്ലാ കൈയ്യേറ്റക്കാരോടും സര്‍ക്കാര്‍ ഒരു പോലുള്ള സമീപനം സ്വീകരിക്കണം.
വയനാട്ടില്‍ ജനതാദള്‍ നേതാവ് ശ്രേയാംസ് കുമാറിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയ്ക്ക് പ്ലാന്റേഷന്‍ ആക്ട് പ്രകാരം നികുതി അടയ്ക്കുന്നതാണ്. പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നിയമപ്രകാരമായിരിക്കണം. നിയമം കൈയ്യിലെടുത്ത് പാര്‍ട്ടിക്കാരെ ഭൂമിയിലേയ്ക്ക് കയറ്റിവിടുകയാണ് സി.പി.എം ചെയ്യുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഏറ്റെടുത്തതല്ലാതെ ഒരിഞ്ച് ഭൂമി പോലും ആദിവാസികള്‍ക്ക് നല്‍കാനായി ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല