മണിമല: ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഗേറ്റിനു സമീപം അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തി.
ഗേറ്റിനോടു ചേര്‍ന്നുള്ള ഓടയില്‍ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പൊതിഞ്ഞ നിലയിലാണ് സ്‌ഫോടകവസ്‌തുക്കള്‍ കണ്ടത്. തോട്ടത്തിലെ ജീവനക്കാരായ സ്‌ത്രീ തൊഴിലാളികള്‍ ഓട വൃത്തിയാക്കുന്നതിനിടയിലാണ് അലക്ഷ്യമായി കിടന്ന പ്ലാസ്റ്റിക് പൊതി ശ്രദ്ധയില്‍പ്പെട്ടത്.?അത് തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ഡിറ്റനേറ്ററുകളും തിരികളും വയറുകളും കൂടിനുള്ളില്‍ നിന്ന് പുറത്തേക്കു വീണു. തൊഴിലാളികള്‍ എസ്റ്റേറ്റ് സൂപ്രണ്ടിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സൂപ്രണ്‌ട് സ്ഥലത്തെത്തി മണിമല പോലീസില്‍ വിവരമറിയിച്ചു.
പോലീസ് പരിശോധനയിലാണ് പൊതിയില്‍ സൂക്ഷിച്ചിരുന്നത് സ്‌ഫോടനത്തിനുപയോഗിക്കുന്ന ഡിറ്റനേറ്ററുകളാണെന്ന് തെളിഞ്ഞത്. 2 പായ്‌ക്കറ്റുകളിലായി 200 ഡിറ്റനേറ്ററുകളും സേഫ്‌റ്റി ഫ്യൂസുകളും നാടന്‍ കേപ്പുകളും പോലീസ് കണെ്‌ടത്തി. 25-ാളം ഡിറ്റനേറ്ററുകള്‍ ഇലക്‌ട്രിക് വയറുമായി ബന്ധിച്ച് ഏതു സമയവും സ്‌ഫോടനം നടത്താവുന്ന നിലയിലാണ് വച്ചിരുന്നത്. സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി പി രഘുവരന്‍, മണിമല സിഐ ടി.എ ആന്റണി തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോട്ടയത്തുനിന്നെത്തിയ ആന്റി സബോര്‍ട്ടേജ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും ഫോറന്‍സിക് വിദഗ്‌ധരും തെളിവെടുപ്പ് നടത്തി. സ്‌ഫോടക വസ്‌തുക്കള്‍ പരിശോധനയ്‌ക്കുശേഷം സമീപത്തെ സ്വകാര്യ പാറമടയിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.