കോട്ടയം: വീല്‍ച്ചെയറില്‍ കഴിയുന്ന വിദേശവനിതയെ കബളിപ്പിച്ച് ഹോം നേഴ്‌സ് 75 ലക്ഷം തട്ടിയെടുത്തെന്ന ആരോപണം പൊളിഞ്ഞു. ഇതുവരെ 68 ലക്ഷം രൂപയുടെ കണക്ക് പരിശോധിച്ചതില്‍ യാതൊരു കൃത്രിമവും കണെ്‌ടത്തിയിട്ടില്ല. ഇനി ഏഴ് ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകളാണ് പരിശോധിക്കാനുള്ളത്. ഇതോടെ 75 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്ന ആരോപണം പൊളിഞ്ഞ് കേസ് അന്വേഷണം പുതിയ വഴിത്തിരുവില്‍ എത്തി നില്‍ക്കുകയാണ്.
ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയിലെടുത്ത ഹോംനഴ്‌സ് അര്‍ത്തുങ്കല്‍ വേലംപറമ്പില്‍ വിജി (36)യെ ഇന്നലെ അറസ്റ്റു രേഖപ്പെടുത്തി റിമാന്‍ഡു ചെയ്‌തു. ഒരു മാല മോഷ്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
ഇന്നലെ 68 ലക്ഷം രൂപയുടെ കണക്ക് പരിശോധിച്ചതില്‍ വിജിയെക്കൂടാതെ പലരും ചെക്ക് മാറിയിട്ടുള്ളതായി കണെ്‌ടത്തിയിട്ടുണ്‌ട്. ആരൊക്കെയാണ് ചെക്ക് മാറിയിട്ടുള്ളതെന്നും മറ്റും ഇന്ന് പരിശോധിക്കും. മറ്റുചിലര്‍കൂടി ഈ കേസില്‍ ഉള്‍പ്പെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
ഇന്നലെ അന്വേഷണ സംഘം പരാതിക്കാരിയായ ഡോ. റേച്ചല്‍ റോഡ്‌സ്‌ട്രോ ഉള്‍പ്പെടെയുള്ളവരുടെ സാനിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഹോം നഴ്‌സ് 68 ലക്ഷം രൂപ അയ്‌മനം പാണംമാലില്‍ ഡോ. റേച്ചലിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവരുടെ നിര്‍ദ്ദേശപ്രകാരം തന്നെ ചെലവഴിച്ചതായി കണെ്‌ടത്തി. ബാങ്കില്‍ നിന്ന് ഇന്ന് ലഭിക്കുന്ന പണവിനിമയ രേഖലഭിച്ചശേഷം ബാക്കി ഏഴുലക്ഷം രൂപയുടെ വ്യത്യാസത്തെപ്പറ്റി വ്യക്തമാകു. ഇതോടെ ഏഴുമാസം ഗര്‍ഭണിയായ യുവതി 75 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ദുരൂഹത ഏറുകയാണ്.